ബിജെപി സംഘടന തിരഞ്ഞെടുപ്പ്.. ഓണ്‍ലൈനായും ഓഫ് ലൈനായും ഇല്ല.. വോട്ട് ചെയ്യാതെ ശോഭ…
ബിജെപിയുടെ സംഘടന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ. ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ അവസരമുണ്ടായിട്ടും ശോഭാ സുരേന്ദ്രന് വോട്ട് രേഖപ്പെടുത്താത്തത് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചക്ക് വഴിവെച്ചു.
ആലപ്പുഴ നോര്‍ത്തിലായിരുന്നു ശോഭാ സുരേന്ദ്രന് വോട്ട്. ഇന്ന് വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ട സമയം. ആലപ്പുഴ നോര്‍ത്ത് ജില്ലയില്‍ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.
ആലപ്പുഴ സൗത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും മത്സരിച്ചിരുന്നു. സൗത്തില്‍ വോട്ട് ചെയ്യേണ്ട 52പേരും വോട്ട് രേഖപ്പെടുത്തി. നോര്‍ത്തില്‍ വോട്ട് ചെയ്യേണ്ട 55 പേരില്‍ ശോഭാ സുരേന്ദ്രനും മറ്റൊരാളുമാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്. ബിജെപി സംസ്ഥാന വക്താവ് അഡ്വ ജെആര്‍ പത്മകുമാര്‍, പുഞ്ചക്കര സുരേന്ദ്രന്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്കായിരുന്നു ആലപ്പുഴയിലെ വോട്ടെടുപ്പ് ചുമതല.