പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!’.. ഒറ്റ വരിയിൽ ഷാഫിക്കടക്കം ശിവൻകുട്ടിയുടെ പ്രഹരം..
ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് പാർട്ടിയിൽ പോലും അതിശക്തമായിട്ടും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധിച്ച് നിൽക്കുന്നതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ഒറ്റ വരിയുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാഫി പറമ്പിലിനെതിരെ കൂടിയാണ് ശിവൻകുട്ടിയുടെ പ്രഹരം. ‘പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!’ – എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഈ ഘട്ടത്തിലും സംരക്ഷിക്കാൻ നോക്കുന്നത് ഷാഫി പറമ്പിലാണെന്ന വിമർശനം പൊതുവേ ഉയരുന്നതിനിടെയാണ് ശിവൻകുട്ടിയുടെ പ്രഹരം.
വിഷയത്തിൽ മൗനം വെടിഞ്ഞ് ഇന്നലെ ആദ്യമായി പ്രതികരിച്ചപ്പോഴും ഷാഫി, എം എൽ എ സ്ഥാനം രാഹുൽ രാജിവയ്ക്കണമെന്ന ആവശ്യത്തെ ഖണ്ഡിക്കാനാണ് ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന് ഷാഫി പറമ്പിൽ എം പി ഇന്നലെ സംരക്ഷണം തീർക്കാൻ ശ്രമിച്ചത്. പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാഹുലിനെ എം എൽ എ സ്ഥാനം രാജിവെപ്പിക്കാൻ വി ഡി സതീശൻ നീക്കം നടത്തുമ്പോൾ അനുവദിക്കുന്നില്ല എന്നുള്ള പരസ്യ പ്രസ്താവനയാണ് ഇന്നലെ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന വിലയിരുത്തലാണ് പിന്നീടുണ്ടായത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി പറയാറുള്ള ഷാഫി പറമ്പിൽ പക്ഷേ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു. രാഹുലും താനും തമ്മിലുള്ള കൂട്ടുകെട്ട് പാർട്ടിയുടെ പ്രതിച്ഛായയേക്കാൾ വലുതാണ് എന്ന സൂചന നൽകാനാണ് ഷാഫി ശ്രമിച്ചത്. ഒരു ഗൗരവമുള്ള വിഷയമാണ് നടന്നത് എന്ന് പോലും അംഗീകരിക്കാൻ ഷാഫി മടികാട്ടുന്നതും ഇന്നലെ കണ്ടു.
അതേസമയം രാജിയുടെ ചോദ്യം ഉദിക്കുന്നില്ല എന്നാണ് രാഹുൽ മങ്കൂട്ടത്തിൽ അറിയിക്കുന്നത്. അങ്ങനെ രാജിവെക്കാൻ ഒരുക്കമല്ല എന്ന് രാഹുൽ നിലപാടെടുക്കുന്നത് ഷാഫിയുടെ കൂടി പിന്തുണയുടെ ബലത്തിലാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സതീശന് പുറമേ ചെന്നിത്തലയടക്കമുള്ള നിരവധി നേതാക്കളും യു ഡി എഫിലെ വനിതാ എം എൽ എമാരടക്കം രംഗത്തുവന്നിട്ടും രാഹുൽ ഇപ്പോഴും പ്രതിരോധം തീർക്കുകയാണ്. തനിക്ക് പറയാനുള്ളത് കേൾക്കണമെന്നും തന്നെ കുടുക്കാൻ നോക്കുകയാണെന്നുമുള്ള വാദമാണ് രാഹുൽ മുന്നോട്ട് വയ്ക്കുന്നത്. ഇന്ന് തന്നെ രാജിയുണ്ടാകുമെന്ന സൂചനകൾക്കിടയിലാണ് രാജി പ്രതിരോധിക്കാൻ രാഹുൽ ഈ നീക്കം നടത്തിയത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേൾക്കാമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെ കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയതോടെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ലെന്ന് കൂടിയാണ് ഉറപ്പാകുന്നത്. എന്തായാലും നടപടി അധികം വൈകില്ലെന്നാണ് നേതൃത്വം പറയുന്നത്. രാഹുൽ വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്.