അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു.. കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തിയേക്കും.. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനും സംഘവും…

അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എല്‍സ 3 എന്ന കപ്പൽ മുങ്ങുന്നതായി സൂചന. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതായും ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റിയതായും വിവരങ്ങളുണ്ട്.നിലവിൽ 21 ഡിഗ്രി വരെ കപ്പൽ ചെരിഞ്ഞിട്ടുണ്ട്.ഇന്നലത്തെക്കാൾ കടൽ പ്രക്ഷുബ്ധമാണെന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കപ്പലിനെ ഉയർത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനിരുന്നത്. പക്ഷെ കടൽ കൂടുതൽ പ്രക്ഷുബ്ധമായതോട് കൂടി കപ്പൽ മുങ്ങാൻ തുടങ്ങുകയായിരുന്നു. നിലവിൽ ക്യാപ്റ്റനെയും രണ്ട് പേരെയും നാവിക സേനയുടെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.

കപ്പൽ ഉയർത്താനുള്ള ദൗത്യം ഇതോടെ അവസാനിപ്പിച്ചു. കപ്പൽ ചെരിഞ്ഞതോടെ കണ്ടെയ്നറുകളും നഷ്ടപ്പെട്ടു. ഇനി ഇവ തിരിച്ചുപിടിക്കാനുള്ള സാഹചര്യമില്ലെന്നും ഡിഫൻസ് പിആർഒ അതുൽ പിള്ള പറഞ്ഞു. കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തിയേക്കും. മണിക്കൂറിൽ ഒരു കിലോമീറ്റർ വേഗത്തിലാണ് കണ്ടെയ്നർ നീങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്നർ തീരത്ത് എത്തിയേക്കാൻ‌ സാധ്യതയുണ്ട്.

തീരങ്ങളിൽ കണ്ടെയ്‌നറുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീരദേശത്തെ ജാഗ്രതാ മുന്നറിയിപ്പിൽ മാറ്റമില്ല. കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കണ്ടെയ്നറുകളിൽ നിന്ന് ലീക്കായ ഓയിൽ‌ ഏത് ഭാ​ഗത്തേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. തൃശൂർ മുതൽ‌ തിരുവനന്തപുരം വരെയുള്ള തീരങ്ങളിൽ ഓയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് നി​ഗമനം.

Related Articles

Back to top button