ചെങ്കടലിലെ കപ്പല്‍ ആക്രമണം.. കാണാതായ കായംകുളം സ്വദേശി യെമന്‍ സൈന്യത്തിന്‍റെ പിടിയിൽ…

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ കാണാതായ കായംകുളം പത്തിയൂർ സ്വദേശി ആര്‍. അനില്‍കുമാര്‍ കുടുംബത്തെ ഫോണിൽ വിളിച്ചു.താന്‍ യെമനിലുണ്ടെന്ന് അനിൽ കുമാർ കുടുംബത്തെ അറിയിച്ചു.എന്നാല്‍ മറ്റ് കാര്യങ്ങളൊന്നും പറയാതെ വേഗത്തില്‍ ഫോണ്‍ വെച്ചെന്നും കുടുംബം പറഞ്ഞു.യെമന്‍ സൈന്യത്തിന്‍റെ പിടിയിലാണ് അനില്‍ എന്നാണ് സൂചന.ഈ മാസം പത്തിനാണ് ചെങ്കടലില്‍ ഹൂതികള്‍ ചരക്ക് കപ്പൽ ആക്രമിച്ചത്. ബന്ദിയാക്കിയവരിൽ അനിൽകുമാർ ഉണ്ടെന്നാണ് കുടുംബം പറഞ്ഞിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിൻ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു.

ശ്രീജയുടെ ഫോണിലേക്കാണ് അനില്‍കുമാര്‍ വിളിച്ചത്. മകനോട് സംസാരിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.അനിൽകുമാറിനെ കാണാനില്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഗ്രീക്ക് കമ്പനിയു‌ടെ ലൈബീരിയന്‍‌ റജിസ്ട്രേഷനുള്ള ‘ഏറ്റേണിറ്റി സി’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 30 ഓളം ജീവനക്കാർ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഉൾപ്പെടെ ആറുപേരെ യൂറോപ്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കപ്പലിൽ വച്ച് തന്നെ മരണപ്പെട്ടിരുന്നു. സമീപകാലത്ത് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായാണ് ഏറ്റേണിറ്റി-സിക്കെതിരെയുള്ള ആക്രമണത്തെ കരുതുന്നത്.

Related Articles

Back to top button