കപ്പല്‍ ചുഴിയില്‍പ്പെട്ടു.. രക്ഷാപ്രവര്‍ത്തനം.. കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം….
കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം. തീരത്തു നിന്നും 38 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന.
കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ നീക്കി അപകടാവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ്. കപ്പലില്‍ ഏകദേശം 400 കണ്ടെയ്നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.കഴിഞ്ഞ ദിവസം തന്നെ 24ല്‍ 21 ജീവനക്കാരെ നാവികസേന രക്ഷിച്ചിരുന്നു. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര് ചരക്ക് കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കുന്നതിന് വേണ്ടി കപ്പലില്‍ തന്നെ തുടരുകയാണ്. പക്ഷേ മൂന്ന് പേരും സുരക്ഷിതരാണ്.
ജീവനക്കാര്‍ക്ക് ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച് കടലില്‍ തന്നെ തുടരുകയാണ്. അതേസമയം കടലില്‍ വീണ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ടെയ്നറുകളിലുള്ള മറൈന്‍ ഓയലും രാസവസ്തുക്കളും കടലില്‍ പരന്നാല്‍ അപകടകരമായ സ്ഥിതിയുണ്ടാകും. കപ്പല്‍ 25 ഡിഗ്രിയോളം ചെരിഞ്ഞ് വളരെ അപകടകരമായ അവസ്ഥയിലായിരുന്നു. മറൈന്‍ ഗ്യാസ് ഓയിലാണ് കാര്‍ഗോയിലുണ്ടായിരുന്നത്. ചെറിയ തോതില്‍ സള്‍ഫര്‍ അടങ്ങിയ എണ്ണയാണിത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.




