ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസ്.. മൊത്തത്തിൽ പിഴവുകൾ.. പോലീസിന്റെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് കോടതി…
നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പോലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് കോടതി. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ച്ചപറ്റിയെന്നും വിചാരണക്കോടതി പറഞ്ഞു. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പോലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി പറഞ്ഞു.രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. ഉത്തരവ് പറഞ്ഞ് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പുറത്തുവന്നത്.
ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുളള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്ന് കോടതി വിലയിരുത്തി. പിടിച്ചെടുത്ത കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടന്നില്ല. രഹസ്യവിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തളളിപ്പറഞ്ഞുവെന്നും ഉത്തരവിൽ പറയുന്നു.ഫെബ്രുവരി 11-നാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും എറണാകുളം സെഷന്‍സ് കോടതി വെറുതെ വിട്ടത്. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. അഡ്വ. രാമന്‍ പിളളയാണ് ഷൈനിന് വേണ്ടി ഹാരജായത്. 2015 ജനുവരി 15-ന് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാകുന്നത്.