ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ പറയണമെന്ന് കോണ്‍ഗ്രസ് നേതൃക്യാമ്പിൽ ശശി തരൂര്‍, ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥയുണ്ടാക്കരുതെന്ന് കെ മുരളീധരൻ

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിൽ തിരുവനന്തപുരം എംപി ശശി തരൂര്‍. നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടാകാമെന്നും അത് പുറത്ത് പറയാതെ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്നും പുറത്ത് ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് ശശി തരൂര്‍ യോഗത്തിൽ പറഞ്ഞത്. ആരോഗ്യകരമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളിൽ ഉന്നയിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. എന്നാൽ, ശശി തരൂരിന്‍റെ അഭിപ്രായത്തിന് പിന്നാലെ ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കള്‍ ഉണ്ടാക്കരുതെന്ന് കെ മുരളീധരൻ യോഗത്തിൽ പറഞ്ഞു. പലപ്പോഴും പാര്‍ട്ടിക്കുള്ളിൽ പറയേണ്ട ഭിന്നാഭിപ്രായങ്ങളടക്കം പരസ്യമായി പറഞ്ഞ് വിവാദത്തിലാകുന്ന ശശി തരൂര്‍ തന്നെയാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്നതാണ് ശ്രദ്ധേയം.

ബത്തേരിയിൽ നടക്കുന്ന നേതൃക്യാമ്പിൽ ഘടകക്ഷികള്‍ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട നയം എന്താകണമെന്ന കാര്യത്തിലടക്കം അഭിപ്രായം ഉയര്‍ന്നു. ഇക്കാര്യത്തിലടക്കം പ്രശ്നങ്ങളില്ലാതെ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന അഭിപ്രായമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. ലീഗനടക്കമുള്ള കക്ഷികള്‍ക്ക് സീറ്റുകള്‍ നൽകുമ്പോള്‍ പരാതികളില്ലാതെ കൃത്യമായി കൈകാര്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ പറഞ്ഞു. സീറ്റുകള്‍ വെച്ചുമാറുന്നതിലടക്കം പരസ്പര സമ്മതം ഉണ്ടാകണമെന്നും ഇപ്പോഴുണ്ടായ നേട്ടം വലിയ കാര്യമായി കാണാതെ കരുതലോടെ നീങ്ങണമെന്ന അഭിപ്രായവും യോഗത്തിൽ ഉയര്‍ന്നു. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനം. രണ്ടു ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. പുതിയ ഘടകക്ഷികളെ യുഡിഎഫിലെടുക്കുമ്പോള്‍ അതാത് ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം തേടണമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുൻതൂക്കം തുടരാനുള്ള അനുകൂല സാഹചര്യം നിലനിര്‍ത്തണമെന്ന ആഹ്വാനമാണ് ക്യാമ്പിലുയര്‍ന്നത്.

Related Articles

Back to top button