‘വാക്‌സിൻ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർന്നു’.. വീണ്ടും കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂർ..
വീണ്ടും കേന്ദ്രത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കൊവിഡ് കാലത്തെ ഇന്ത്യയുടെ വാക്സിൻ കയറ്റുമതിക്കാണ് പ്രശംസ. വാക്‌സിൻ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർന്നുവെന്ന് തരൂർ അഭിപ്രായപ്പെട്ടു. കൊവിഡ് കാല ഭീകരതകളിൽ നിന്ന് വേറിട്ടു നിൽക്കുന്നതാണ് ഇന്ത്യയുടെ അന്നത്തെ വാക്‌സിൻ നയതന്ത്രം. ഉത്തരവാദിത്തത്തിലും ഐക്യദാർഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും ലേഖനത്തിൽ തരൂർ പറഞ്ഞു. കൊവിഡ് കാലത്ത് 100-ൽ അധികം രാജ്യങ്ങൾക്ക് വാക്‌സിനുകൾ നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ സംരംഭമാണ് വാക്‌സിൻ മൈത്രി. ഇതിനെയാണ് ലേഖനത്തിലൂടെ തരൂർ പുകഴ്ത്തിയത്. ഇതിന്റെ ഭാഗമായി 2021 ജനുവരി 20 മുതൽ ഇന്ത്യ വാക്‌സിൻ വിതരണം ആരംഭിച്ചു. കോവിഷീൽഡ്, കോവാക്‌സിൻ എന്നീ വാക്‌സിനുകൾ നിർമിച്ച് നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, ആഫ്രിക്കൻ രാജ്യങ്ങൾ, മ്യാൻമർ എന്നിവയുൾപ്പെടെ 100-ലധികം രാജ്യങ്ങൾക്ക് ഇന്ത്യ ഇത് വിതരണം ചെയ്തു. സമ്പന്ന രാജ്യങ്ങൾ ചെയ്യാത്തത് ഇന്ത്യ ചെയ്തുവെന്നും തരൂർ പറഞ്ഞു. ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചുവെന്നും തരൂർ വ്യക്തമാക്കുന്നു.
കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായാണ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും തരൂർ നേരത്തേ പറഞ്ഞത് വലിയ വിവാദമായിരുന്നു. സംഘർഷത്തിന്റെ തുടക്കത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ താൻ വിമർശിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞത് തെറ്റായിപ്പോയി എന്നും ശശി തരൂർ മുമ്പ് കൂട്ടിച്ചേർത്തിരുന്നു. മോദിയുടെ നയത്തെ എതിർത്തത് അബദ്ധമായെന്നും തരൂർ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെയും ശശി തരൂർ പിന്തുണച്ചിരുന്നു. വ്യവസായമേഖലയിൽ കേരളം കൈവരിച്ച നേട്ടത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനവും വലിയ വിവാദമായിരുന്നു