ശശി തരൂർ പുറത്ത്; ബിഹാറിലെ താര പ്രചാരകരിൽ കെസി വേണുഗോപാലും അശോക് ഗെഹലോട്ടും

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ കോൺഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയിൽ നിന്നും ശശി തരൂർ പൂറത്ത്. കോൺഗ്രസ് നേതൃത്വം വ്യാഴാഴ്ച പ്രഖ്യാപിച്ച 40 താരപ്രചാരകരുടെ ലിസ്റ്റിനെച്ചൊല്ലി കോൺഗ്രസിനുള്ളിലും അതൃപ്തി പുകയുകയാണ്. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങിയവരാണ് കോൺഗ്രസ് പ്രചാരണത്തെ നയിക്കുന്നത്. രാഹുലിന്റെ പ്രചാരണത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്.
ശശി തരൂരിന് പുറമേ, മുതിർന്ന നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായ സൽമാൻ ഖുർഷിദ്, ജയറാം രമേശ്, മനീഷ് തിവാരി, പ്രമോദ് തിവാരി തുടങ്ങിയവർ സ്റ്റാർ ക്യാംപെയ്‌നർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരിൽപ്പെടുന്നു. എല്ലാ മേഖലകളിലും ബഹുമാനിക്കപ്പെടുന്നവരും, ദേശീയതലത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച നേതാക്കളുമാണ്. മികച്ച ആശയവിനിമയ വൈദഗ്ധ്യമുള്ളവരുമാണ്.
മെറിറ്റിനേക്കാൾ നേതൃത്വത്തിന്റെ വ്യക്തിപരമായ താൽപ്പര്യത്തിനാണ് പട്ടികയിൽ പ്രധാന്യമെന്ന് കരുതുന്നതായി മറ്റൊരു നേതാവ് പ്രതികരിച്ചു. സ്ഥാനാർത്ഥികളെ തീരുമാനിച്ചതിൽ വിമർശനം നേരിട്ടവരെ ഉൾപ്പെടുത്തുകയും, ബഹുജന ആകർഷണീയതയുള്ള നേതാക്കളെ അവഗണിക്കുകയും ചെയ്തിരിക്കുന്നു. ഇത് സംഘടനാ പ്രാവീണ്യത്തേക്കാൾ വ്യക്തി താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നുവെന്ന് വിലയിരുത്തേണ്ടി വരുമെന്നും നേതാവ് സൂചിപ്പിച്ചു.



