പുടിനായി രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ തരൂരിന് ക്ഷണം.. രാഹുൽ ഗാന്ധിക്കും ഖാർഗെക്കും ക്ഷണമില്ല…

ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നിലേക്ക് ശശി തരൂരിനെ ക്ഷണിച്ചെന്ന് റിപ്പോർട്ട്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ക്ഷണമില്ല. തനിക്ക് ക്ഷണം ലഭിച്ചതായും ചടങ്ങില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ അറിയിച്ചു. ‘തനിക്ക് ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനെക്കുറിച്ച് എനിക്കറിയില്ല,’ തരൂര്‍ പറഞ്ഞു. അതേസമയം, പാർലമെന്റിലെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കി ശശി തരൂരിനെ മാത്രം ക്ഷണിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനോടുള്ള ബഹുമാനാർത്ഥമാണ് ഇന്ന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കുന്നത്. രാഷ്ട്രീയം, ബിസിനസ്, സംസ്കാരികം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ വിരുന്നിലേക്ക്ക്ഷണിച്ചിട്ടുണ്ട്. രാജ്യം സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്ന് നല്‍കി ആദരിക്കുന്ന കീഴ് വഴക്കമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.


