എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിൽ എത്തിയതേ ഉള്ളൂ.. അപ്പോഴാണ് വിവരമറിയുന്നത്…
താൻ ഇപ്പോൾ ലണ്ടനിൽ എത്തിയതേ ഉള്ളൂവെന്നും എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂർ എംപി. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് താൻ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. തന്റെ ഹൃദയം ദുരന്തബാധിതർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂർ ട്വീറ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്‍റെ ട്വീറ്റ്. അതേസമയം അഹമ്മദാബാദ് വിമാനാപകടത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.38നായിരുന്നു അപകടം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ 5 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.