ഷാരോൺ കൊലപാതകം…മജിസ്ട്രേറ്രിന്റെ മൊഴിയിൽ ഗ്രീഷ്മക്കെതിരെ…
പാറശ്ശാല: കൊല്ലപ്പെട്ട ഷാരോണിനെ ഒന്നാം പ്രതിയായ ഗ്രീഷ്‌മ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന് മജിസ്ട്രേറ്രിന്റെ മൊഴി 2022 ഒക്ടോബർ 14ന് രാവിലെ എട്ടോടെ ഫോൺ ചെയ്തു വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ആരുമില്ലെന്ന് മെസേജ് അയയ്ക്കുകയും ചെയ്തതോടെയാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തിയതെന്നാണ് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് ജഡ്ജ് എ.എം. ബഷീർ മുമ്പാകെ മജിസ്ട്രേറ്റ് അനീസ.എ മൊഴി നൽകിയത്. കേസിൽ അറസ്റ്റിലായ ഗ്രീഷ്മ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിലിരിക്കെയാണ് ക്ലീനിംഗ് ലോഷൻ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഒക്ടോബർ 31നാണ് മരണമൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിലെത്തിയെന്നും അന്ന് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-2 ആയിരുന്ന അനീസ.എ വിശദീകരിച്ചു.ഷാരോൺ രാജിനെ കുടിപ്പിക്കാൻ അമ്മ കഴിച്ചുകൊണ്ടിരുന്ന കഷായം തിളപ്പിച്ചാണ് ഷാരോണിന് കുടിക്കാൻ കൊടുത്തത്.
വിഷം കൊടുത്ത ശേഷം ഗ്രീഷ്‌മ ഷാരോണിന് ഫോണിലൂടെ അയച്ച വോയിസ് മെസേജിൽ ജ്യൂസിന് കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ഷാരോണിന്റെ സഹോദരൻ ഷിമോൺ രാജ് ഫോണിൽ ബന്ധപ്പെട്ട് കഷായത്തെപ്പറ്റി അറിയാൻ ശ്രമിച്ചപ്പോഴും ഗ്രീഷ്മ പലവിധത്തിൽ ഒഴിഞ്ഞുമാറിയിരുന്നു.ഗ്രീഷ്മയുടെയും ഷിമോൺ രാജിന്റെയും ശബ്ദം തിരുവനന്തപുരം ഫോറൻസിക് ലാബിൽ വിദഗ്ദ്ധപരിശോധന നടത്തി തിരിച്ചറിഞ്ഞതായി എഫ്.എസ്.എൽ ഫിസിക്‌സ് സയന്റിഫിക് ഓഫീസർ വിനീത്.വി കോടതിയിൽ മൊഴിനൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ,അഡ്വ.അൽഫാസ് മഠത്തിൽ എന്നിവർ കോടതിയിൽ ഹാജരായി. വിചാരണ നാളെ തുടരും.