ഷാനിമോൾ ഉസ്മാനെ ബൂത്തിനുള്ളിലേക്ക് കടത്തിവിട്ടില്ല; പെരുമ്പളത്തെ പോളിങ് ബൂത്തിന് മുന്നിൽ സംഘർഷം

പൂച്ചാക്കൽ (ആലപ്പുഴ): അരൂർ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ പെരുമ്പളം ഗവ.സൗത്ത് എൽ.പി.സ്‌കൂളിലെ പോളിങ് സ്റ്റേഷനുള്ളിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലി സംഘർഷം. സ്‌കൂളിന് മുന്നിൽ വ്യാഴാഴ്ച രാത്രിയിൽ ഷാനിമോൾ ഉസ്മാൻ നിലത്ത് കുത്തി ഇരുന്ന് പ്രതിഷേധിച്ചു.

പോളിങ് സ്‌റ്റേഷനിലെ ഗേറ്റ് അടച്ചതിന് ശേഷം വൈകീട്ട് 6.30-ഓടെയാണ് ഷാനിമോൾ ബൂത്തിന്റെ ഗേറ്റിന് മുൻപിലെത്തിയത്. അകത്ത് പ്രവേശിക്കാനുള്ള സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഷാനിമോൾ ഉസ്മാനെ ബൂത്തിനുള്ളിലേക്ക് പോകാൻ അനുവാദം നൽകിയില്ല. എൽ.ഡി.എഫ്. പ്രവർത്തകരും ഷാനിമോൾ ബൂത്തിനുള്ളിലേക്ക് പോകുന്നതിനെ എതിർത്തതോടെ സംഘർഷത്തിനിടയായി. തുടർന്നാണ് ഷാനിമോൾ ബൂത്തിന് പുറത്ത് യു.ഡി.എഫ്. പ്രവർത്തകരുമായി കുത്തിയിരുപ്പ് സമരം നടത്തിയത്.

തുടർന്ന് കളക്ടറുടെ ഒത്തുതീർപ്പ് നിർദ്ദേശ പ്രകാരം യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ, യു.ഡി.എഫ്.ചീഫ് ഇലക്ഷൻ ഏജന്റ് കെ.ഉമേശൻ , സി.പി.എം. ലോക്കൽ സെക്രട്ടറി ഹർഷഹരൻ, മുൻ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി.വി.ആശ എന്നിവരെ പോളിങ് സ്‌റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button