മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍..ഷാജി എന്‍ കരുണ്‍ അന്തരിച്ചു…

ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു.

എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിതന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍ കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ രൂപവത്കരണവേളയില്‍ ആസൂത്രണത്തില്‍ മുഖ്യപങ്കുവഹിച്ചു. 1998-ല്‍ രൂപംകൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു. നിലവില്‍ കെഎസ്എഫ്ഡിസി ചെയര്‍മാനാണ്.

Related Articles

Back to top button