മൂക്കിന് പൊട്ടൽ..ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി…
പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒരു ജനപ്രതിനിധിക്ക് പോലും പൊലീസ് നരനായാട്ടിന് മുന്നിൽ രക്ഷയില്ല. പൊലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് ഓർമ്മ വേണമെന്ന് ടി സിദ്ദിഖ് എംഎൽഎ മുന്നറിയിപ്പ് നൽകി. പൊലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. പൊലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ല എന്ന് പോലീസിനെയും അവരെ പറഞ്ഞ് വിട്ടവരേയും മറക്കില്ല എന്ന് പറഞ്ഞാൽ മറക്കില്ലെന്ന് ഓർമിപ്പിക്കുന്നുവെന്ന് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ഷാഫിക്ക് പരിക്കേറ്റത് ലാത്തി ചാര്‍ജിലല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ്പി പറയുന്നത്. പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ വീഡിയോ കാണിക്കട്ടെയെന്ന് എസ്പി പറയുന്നു. സംഘർഷത്തിൽ ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർക്കും പരിക്കുണ്ട്. പേരാമ്പ്ര സികെജിഎം കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്ഐയും നടത്തിയ പ്രകടനങ്ങൾക്കിടെയാണ് പേരാമ്പ്ര ടൗണിൽ സംഘർഷമുണ്ടായത്. പൊലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ലാത്തിച്ചാർജിലും ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പരിക്കേൽക്കുകയായിരുന്നു. ഷാഫിയെ മർദിച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ രാത്രി വൈകിയും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.