കെപിസിസി പ്രസിഡന്റിന്റെ ചുമതല ഷാഫി പറമ്പിലിന് നൽകിയേക്കും

നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ വടകര എംപി ഷാഫി പറമ്പിലിന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകിയേക്കും. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിൽ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നീക്കം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പായി തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
‘ഷാഫി പറമ്പിലിന്റെ സംഘടനാ വൈദഗ്ധ്യം, ബഹുജന ആകർഷണം, തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കഴിവുകൾ എന്നിവ കെപിസിസിയുടെ പ്രചാരണ തന്ത്രം നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്.’ പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
‘സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കുക എന്നത് കോൺഗ്രസിൽ തുടർന്നുവരുന്ന കീഴ് വഴക്കമാണ്. സണ്ണി ജോസഫ് (പേരാവൂർ), വർക്കിങ് പ്രസിഡന്റുമാരായ എ പി അനിൽ കുമാർ (വണ്ടൂർ), പി സി വിഷ്ണുനാഥ് (കുണ്ടറ) എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കും. അതുകൊണ്ടു തന്നെ പ്രചാരണ ഘട്ടത്തിലെ സംഘടനാ ഉത്തരവാദിത്തങ്ങൾ മത്സരരംഗത്തില്ലാത്തവർക്കാകും നൽകുക. ഇതോടെ ഷാഫി പറമ്പിലിന് കേന്ദ്ര-സംസ്ഥാന ഏകോപന ചുമതല ലഭിക്കാനുള്ള സാധ്യത തെളിയുന്നു.’ കെപിസിസിയിലെ ഒരു മുതിർന്ന നേതാവ് സൂചിപ്പിച്ചു.



