എസ്എഫ്ഐയെ ഉപദേശിക്കുന്നതിന് പകരം കെഎസ്‌യുവിനെ ഉപദേശിക്കൂ..ആ രാഷ്ട്രീയ നിരാശ മാറി കിട്ടും…
എസ്എഫ്ഐക്കെതിരായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിൽ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. വി ഡി സതീശന്റെ പരാമർശം രാഷ്ട്രീയ നിരാശയെ തുടർന്നാണെന്ന് ശിവപ്രസാദ് ആരോപിച്ചു. എസ്എഫ്ഐയെ ഉപദേശിക്കുന്നതിന് പകരം കെഎസ്‌യുവിനെയാണ് ഉപദേശിക്കേണ്ടത്. ലഹരിക്കെതിരെ വേണ്ടത് ആരോപണ പ്രത്യാരോപണങ്ങളല്ലെന്നും കൂട്ടായ പ്രവർത്തനമാണെന്നും എം ശിവപ്രസാദ് പറഞ്ഞു.
ലഹരിക്കെതിരെ ക്യാമ്പസുകളിൽ എസ്എഫ്ഐ വിജിലൻസ് സ്ക്വാഡ് രൂപീകരിക്കുമെന്നും എം ശിവപ്രസാദ് വ്യക്തമാക്കി. ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. എന്നാൽ അതിനുള്ള സമയമല്ല ഇതെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമായിരുന്നു എസ്എഫ്ഐക്കെതിരായ വി ഡി സതീശന്റെ പ്രതികരണം.
ക്യാമ്പസുകളിൽ എസ്എഫ്ഐ ലഹരിയുടെ ഏജന്റുമാരാകുന്നുവെന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്.
രക്ഷിതാക്കൾ ഭയന്നാണ് കുട്ടികളെ കോളേജിലേയ്ക്കും സ്കൂളിലേയ്ക്കും അയയ്ക്കുന്നതെന്നും ലഹരി വ്യാപനം സംസ്ഥാനത്ത് എത്രത്തോളം വ്യാപകമായിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. ലഹരി വ്യാപനം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും അക്രമത്തിന്റെ സ്വഭാവം തന്നെ മാറിയെന്നും പ്രതിപക്ഷം കഴിഞ്ഞയാഴ്ചയും നിയമസഭയില്‍ ഉന്നയിച്ചതാണെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമണങ്ങളാണ് നടക്കുന്നത്. കുട്ടികള്‍ക്കിടിയിലും ലഹരി വ്യാപിക്കുകയാണ്. എസ്എസ്എൽസിക്ക് പഠിക്കുന്ന കുട്ടികൾ വരെ ഡ്രഗ് പാർട്ടി നടത്തുകയാണ്. പതിനാലും പതിനഞ്ചും വയസുളള കുട്ടികളാണ് പരസ്യമായി ഏറ്റുമുട്ടുന്നതെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.