എസ്എഫ്ഐയെ സിപിഎം കയറൂരി വിട്ടിരിക്കുന്നു…പ്രതിപക്ഷ നേതാവ്
സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ കേരള സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു. അവരെ രക്ഷിക്കാന്‍ എത്തിയ പൊലീസിനെയും മര്‍ദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവരുടെ വാര്‍ഷിക ആഘോഷത്തിന് തയാറാക്കി വച്ചിരുന്ന ഭക്ഷണം ഒരു സംഘം എസ്.എഫ്.ഐക്കാര്‍ മുഴുവന്‍ കഴിച്ച ശേഷം അവിടെയുണ്ടായിരുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. വാര്‍ഷികം നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറിയ സംഘം ബഹളമുണ്ടാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കൂട്ട അടിയായി. അഭിഭാഷകര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ ആശുപത്രിയിലാണ്. എറണാകുളത്ത് നടന്നത് രാഷ്ട്രീയ സംഘര്‍ഷമല്ല. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന അഭിഭാഷകരില്‍ സി.പി.എം അനുകൂല ലോയേഴ്‌സ് യൂണിയന്റെ നേതാക്കളുമുണ്ട്. എന്തൊരു സാമൂഹിക വിരുദ്ധ പ്രസ്ഥാനമാണ് എസ്.എഫ്.ഐ എന്നും പ്രതിപക്ഷ നേതാവ്.