നിയമസഭയിൽ നിന്ന് മടങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ… റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം..

എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക പോകുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. എംഎൽഎ ഹോസ്റ്റലിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാൻ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. 

നിയമസഭയിലേക്ക് പോവുകയാണെന്നും അവിടെ വെച്ച് പ്രതികരിക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എംഎൽഎ ഹോസ്റ്റലിന്‍റെ പിന്‍ഭാഗത്തുനിന്നാണ് പ്രവര്‍ത്തകരെത്തി വാഹനം തടഞ്ഞത്. പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും എംഎൽഎ ഹോസ്റ്റലിന്‍റെ ഗേറ്റ് വഴി വാഹനം വരുമ്പോള്‍ പ്രവര്‍ത്തകരെ തടഞ്ഞില്ലെന്നാണ് ആരോപണം. പ്രതിഷേധത്തെതുടര്‍ന്ന് തിരുവല്ലം പൊലീസിന്‍റെ എസ്കോര്‍ട്ട് വാഹനവും എത്തിച്ചു. പൊലീസ് സംരക്ഷണത്തോടെയായിരിക്കും രാഹുൽ ഇനി ഇവിടെ നിന്ന് പോവുക. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് അഭിറാം, ജില്ലാ സെക്രട്ടറി മിഥുൻ പൊട്ടോക്കാരൻ, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അഖിലേഷ് അടക്കമുള്ള പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുശേഷവും പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ മാറ്റികൊണ്ടാണ് രാഹുലിന്‍റെ വാഹനം നിയമസഭയിലേക്ക് പുറപ്പെട്ടത്.

Related Articles

Back to top button