ലൈംഗികാതിക്രമ കേസ്.. ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ കസ്റ്റഡിയിൽ….
വിവാദ ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകളും പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ചൈതന്യാനന്ദ സരസ്വതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. എങ്കിലും പെൺകുട്ടികളുമായി ചൈതന്യാനന്ദ നടത്തിയ ചാറ്റുകൾ വീണ്ടെടുക്കാൻ സാധിച്ചെന്നും ഇത് പ്രധാന തെളിവാണെന്നും പൊലീസ് പറയുന്നു. പെൺകുട്ടികൾക്ക് പല വാഗ്ദാനങ്ങളും നൽകി വലയിൽ വീഴ്ത്താൻ ചൈതന്യാനന്ദ ശ്രമിച്ചുവെന്നും നിരവധി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്തതായും പൊലീസ് അറിയിച്ചു
കഴിഞ്ഞ ദിവസം ആഗ്രയിൽ നിന്നാണ് ദില്ലി പൊലീസ് ചൈതന്യാനന്ദയെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദില്ലിയിലെ ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടറായിരുന്ന ഇയാൾ, സ്ഥാപനത്തിലെ വിദ്യാർത്ഥികളോടാണ് ലൈംഗികാതിക്രമം കാട്ടിയത്. 17 പെൺകുട്ടികൾ പരാതിയുമായി രംഗത്ത് വന്നതോടെയാണ് സന്യാസിക്കെതിരെ കേസെടുത്തത്. വിദ്യാർത്ഥിനികൾ ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ പരാതി ദില്ലി പൊലീസിന് കൈമാറിയതോടെയാണ് കേസെടുത്തത്.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ആഗ്രയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ ആഡംബര കാറും പൊലീസ് പിടിച്ചെടുത്തു. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാർ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. കേസിൽ ഇതുവരെ പൊലീസ് 32 വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. ചൈതന്യാനന്ദ സരസ്വതി ആവശ്യപ്പെടുന്നതു പോലെ ചെയ്യാൻ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും സമ്മർദം ചെലുത്തിയെന്നാണ് വിദ്യാർത്ഥിനികൾ മൊഴി നൽകിയിരുന്നത്. പ്രതിക്കെതിരെ 2009ലും 2016ലും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. ഒഡീഷ സ്വദേശിയായ പ്രതി, 12 വർഷമായി ദില്ലിയിലെ ശ്രീ ശാർദ ആശ്രമത്തിലാണ് താമസിക്കുന്നത്.