പത്തനംതിട്ടയിലെ ലൈംഗിക പീഡനം…ഒരു കുറ്റവാളിയും രക്ഷപെടരുത്…വി ഡി സതീശൻ…
തിരുവനന്തപുരം: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ അഞ്ചുവർഷത്തിനിടെ 62 പേർ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ ഉൾപ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തിരമായി നിയമിക്കാൻ സർക്കാർ തയാറാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആവശ്യം.
അഞ്ച് വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങൾ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങൾ എത്രമാത്രം ദുർബലമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയിൽ ദലിത് പെൺകുട്ടി നേരിട്ട കൊടിയ പീഡനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.