ലൈംഗികാതിക്രമക്കേസ്… സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല…. തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം സിജെഎം കോടതി രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവായ രണ്ട് കാരവനുകൾ പൊലീസ് പിടിച്ചെടുത്തു.

രഞ്ജിത്തിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. രഞ്ജിത്തിന് വേണ്ടി അഡ്വ. എസ്. രാജീവ് കോടതിയിൽ ഹാജരായി. നേരത്തെ ഹാജരായിരുന്ന അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ ചോദ്യം ചെയ്യലിനായി പൊലീസ് വിട്ടുകിട്ടും.

സിനിമയുടെ ലൊക്കേഷനിൽ വെച്ച് പീഡനം നടന്നുവെന്ന് പറയപ്പെടുന്ന കാരവനുകൾ ചങ്ങനാശ്ശേരിയിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. പ്രൊഡ്യൂസർ വാടകയ്ക്ക് എടുത്ത ഈ രണ്ട് കാരവനുകളും നിലവിൽ കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. ഇവയിൽ വിശദമായ പരിശോധന നടത്തും.

രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്. സിനിമയുടെ ഷൂട്ടിംഗിനിടെ കാരവനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് മൊഴി. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്ത് വെച്ചാണ് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു നടപടി. സിനിമ സെറ്റിലുള്ള മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Related Articles

Back to top button