തമിഴ്നാടിനെ നടുക്കി റാലി ദുരന്തം.. പ്രതികരിക്കാതെ വിജയ്, കേസെടുക്കണമെന്ന് സിപിഎം…
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിർണായക നീക്കങ്ങൾ. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സെക്രട്ടറിയേറ്റിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുകയാണ്. കളക്ടർമാരും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നു.സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. ദുരന്തത്തിൽ വിജയ്ക്കെതിരെ തമിഴ്നാട് സിപിഎം രംഗത്തെത്തി. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
ടിവികെ റാലികൾക്ക് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഇതും മറികടന്ന് നടത്തിയുള്ള റാലിയിലാണ് വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. അതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ദുരന്തത്തിന് ശേഷമാണ് വിജയ് തിരുച്ചിറപ്പള്ളിയിലെത്തിയത്.
അതേസമയം വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 36 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 6 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേർ വിവിധയിടങ്ങളിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.