സുരേഷ് ഗോപിക്ക് തിരിച്ചടി…. തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജി തള്ളണമെന്ന സുരേഷ് ഗോപിയുടെ ഇടക്കാല ആവശ്യം ജസ്റ്റിസ് കൗസർ എഡപ്പഗത്ത് തള്ളി. ഇതോടെ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ആരോപിച്ചുള്ള ഹർജിയിൽ സുരേഷ് ഗോപി വിചാരണ നേരിടേണ്ടി വരും.
തൃശ്ശൂർ സ്വദേശിയും സിപിഐ നേതാവുമായ എ.എസ്. ബിനോയ് നൽകിയ ഹർജി നിയമപരമായി നിലനിൽക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഹർജിയിലെ ആരോപണങ്ങൾ വിചാരണയിലൂടെ വ്യക്തമാകേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിക്കാൻ മതചിഹ്നങ്ങൾ ഉപയോഗിച്ചു എന്നതാണ് ഹർജിയിലെ പ്രധാന ആരോപണം. കൂടാതെ, വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തതായും ഹർജിയിൽ പറയുന്നു.
തിരഞ്ഞെടുപ്പിന് തലേദിവസം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ശിവരാമപുരത്ത് വോട്ടർമാർക്ക് 500 രൂപ വീതം വിതരണം ചെയ്തുവെന്ന് അഡ്വ. സന്തോഷ് പീറ്റർ മുഖേന നൽകിയ ഹർജിയിൽ ആരോപിക്കുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സുരേഷ് ഗോപി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സാധ്യത. നിലവിൽ വിചാരണ നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതി നിർദ്ദേശം.



