ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്ഭവനിൽ നടത്തിയ മാർച്ചിൽ ഗുരുതര സുരക്ഷാവീഴ്ച….

തിരുവനന്തപുരം: രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ. ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടന്ന് രാജ്ഭവന്റെ ഗേറ്റ് വരെ എത്തിയത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് ഗവർണറുടെ നിലപാട്.

ഇതിൽ രാജ്‌ഭവൻ ഡിജിപിയെ അതൃപ്തി അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ശക്തമായ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് രാജ്ഭവൻ പൊലീസിന് പരാതി നൽകി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും രാജ്ഭവനിലേക്ക് തള്ളിക്കയറാനും ശ്രമം നടത്തിയിരുന്നു. തുടർന്ന് പൊലീസും പ്രവർത്തകരുമായും ഉന്തും തള്ളുമുണ്ടായി. ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രവർത്തകർ തീരുമാനിച്ചതോടെ വീണ്ടും ഒരു സംഘർഷ സാഹചര്യം രൂക്ഷമായിരുന്നു.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ സസ്‌പെന്‍ഷന്‍ നടപടിയാണ് സമരത്തിന് കാരണം.സസ്പെൻഷനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നിയമപരമായാണ് താൻ പ്രവർത്തിച്ചതെന്നും അതുകൊണ്ട് തന്റെ ഭാഗത്താണ് ന്യായമെന്നും കെ എസ് അനിൽകുമാർ പിന്നീട് പറഞ്ഞിരുന്നു. സസ്പെൻഷൻ നടപടി നിയമപരമായി നിൽക്കാത്ത കാര്യമാണ്. നിയമനാധികാരി സിൻഡിക്കേറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Related Articles

Back to top button