ആലപ്പുഴ എസ്‍ഡി കോളേജിൽ ഗുരുതര വീഴ്ച… എസ്എഫ്ഐ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ എസ്‍ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. നാലു വർഷ ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി. വീഴ്ചയുണ്ടായതോടെ വിദ്യാർത്ഥികളുടെ പരീക്ഷാഫലം കേരള സർവകലാശാല തടഞ്ഞു. ചോദ്യപേപ്പർ കോഡ് മാറിയതാണ് സർവകലാശാല പരീക്ഷാഫലം തടയാൻ കാരണം.അധ്യാപകർ തെറ്റായ ചോദ്യപേപ്പർ നൽകിയതിനാലാണ് കോഡ് മാറിയത്. സപ്ലിമെൻററി എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്.

റെഗുലർ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സപ്ലിമെൻററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നൽകിയത്. പരസ്പരം ചോദ്യപേപ്പർ മാറുകയായിരുന്നു. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. ഡിസംബർ അവസാനവും ജനുവരി ആദ്യമാണ് പരീക്ഷ നടന്നത്. ഫെബ്രുവരി നാലു മുതലാണ് പരീക്ഷാഫലം വന്നു തുടങ്ങിയത്. എന്നാൽ, ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. ഇതോടെയാണ് വീഴ്ച വ്യക്തമായത്.

ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെയും ഒന്നാം സെമസ്റ്റർ സപ്ലിമെൻററി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെയും പരീക്ഷ ഫലമാണ് തടഞ്ഞത്. കോളേജ് അധികൃതരുടെ പിഴവിനെ തുടർന്നാണ് പരീക്ഷ ഫലം യൂണിവേഴ്‌സിറ്റി തടഞ്ഞതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. എസ്എഫ്ഐ കോളേജിൽ സമരം ആരംഭിച്ചു. എസ്എഫ്ഐ സമരത്തിനിടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് എസ്‍ഡി കോളേജ് പ്രിൻസിപ്പൽ സമ്മതിച്ചു. പ്രിൻസിപ്പൽ ഡോ.വി ആർ പ്രഭാകരൻ നായർ വിദ്യാർത്ഥികളുമായുള്ള ചർച്ചയിലാണ് ഇക്കാര്യം സമ്മതിച്ചത്.

Related Articles

Back to top button