തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി….
തിരുവനന്തപുരം: ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി. ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് പ്രതികരിച്ച യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കൽ, തന്നെ പിരിച്ചുവിട്ടോട്ടെയെന്ന് വ്യക്തമാക്കി ഫെയ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. എന്നാൽ ഡോക്ടറുടെത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതെന്നും ആരോഗ്യ വകുപ്പ് പ്രതികരിച്ചു.
ഉപകരണങ്ങൾ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകൾ മാറ്റിയെന്ന് പറഞ്ഞ ഡോ. ഹാരീസ്, മകൻ്റെ പ്രായമുള്ള വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും ലജ്ജയും നിരാശയും ഉണ്ടെന്നും പ്രതികരിച്ചു. യൂറോളജി ഡിപ്പാർട്ട്മെൻറ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു. ‘ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ ഞാനില്ല. പിരിച്ചു വിട്ടോട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച ദുരനുഭവത്തിൽ വ്യക്തമാക്കുന്നു. എന്നാൽ സംഭവം വാർത്തയായതോടെ ഇത് പിൻവലിച്ചു.