മകനും പേരക്കുട്ടികളുമടക്കം 4 പേരെ തീകൊളുത്തി കൊന്ന ചീനിക്കുഴി കൂട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി….

ചീനിക്കുഴി കൂട്ടക്കൊല കേസിൽ കോടതി ഇന്ന് വിധി പറയും. മകനെയും പേരക്കുട്ടികളെയും അടക്കം 4 പേരെ തീകൊളുത്തി കൊന്ന അലിയാക്കുന്നേൽ ഹമീദിനുള്ള ശിക്ഷ തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധിക്കുക. ചീനിക്കുഴി സ്വദേശി അലിയാക്കുന്നേൽ ഹമീദാണ് മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ തീക്കൊളുത്തി കൊലപ്പെടുത്തിയത്.

2022 മാർച്ച് 18 നായിരുന്നു നാടിനെയാകെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമായിരുന്നു ഹമീദ് തീ കൊളുത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീക്കൊളുത്തി അകത്തേക്കെറിയുകയായിരുന്നു. ബഹളം കേട്ട് അയൽവാസികളെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്. സംഭവത്തിന് ദൃക്സാക്ഷികളുടേതുടൾപ്പെടെയുളള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമാണ്. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചെങ്കിലും വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Related Articles

Back to top button