കടയടച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ആക്രമണം: മുതിർന്ന ആർഎസ്എസ് നേതാവിൻ്റെ മകനെ വെടിവച്ച് കൊലപ്പെടുത്തി..

മുതിർന്ന ആർഎസ്എസ് നേതാവിൻ്റെ മകനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ഫിറോസ്‌പുറിലാണ് സംഭവം. ആർഎസ്എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറ (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നവീൻ അറോറയെ വെടിവച്ച് കൊലപ്പെടുത്തിയത്.

ബാബ നൂർ ഷാ വാലി ദർഗയ്ക്ക് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. ഫിറോസ്‌പുറിലെ മെയിൻ ബസാറിൽ വ്യാപാരിയായ നവീൻ അറോറ കടയടച്ച് വീട്ടിലേക്ക് നടക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ നവീൻ അറോറയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലയാളികളെ പിടിക്കണമെന്നും തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധിച്ച കുടുംബം മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധിക്കുകയാണെന്ന് ബിജെപി നേതാവ് ഹീര സോധി പറയുന്നു.

കൊലയാളികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് പിന്നാലെ ഫിറോസ്‌പുറിലെ വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്നോ ആരാണ് കൊലയാളികളെന്നോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Back to top button