പ്രധാനമന്ത്രിയുടെ റാലിയുടെ തത്സമയ ഫീഡ് തടസപ്പെട്ടു, ഓഡിയോയിലും പ്രശ്‌നം…

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ സാങ്കേതിക തകരാറുകളുടെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥയെ പദവിയില്‍ നിന്ന് നീക്കി. രാജസ്ഥാനിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (ഐടി & സി) വകുപ്പ് സെക്രട്ടറിയും മുതിര്‍ന്ന ഉദ്യോഗസ്ഥയുമായ അര്‍ച്ചന സിങിനെയാണ് ജോലിയില്‍ നിന്നും നീക്കിയത്.

വ്യാഴാഴ്ച ബന്‍സ്വരയില്‍ സംഘടിപ്പിച്ച റാലിയ്ക്ക് പിന്നാലെയാണ് സംഭവം. പ്രധാനമന്ത്രി വേദിയിലെത്തിയതിന് പിന്നാലെ വീഡിയോ സിസ്റ്റം തകരാറിലാവുകയും തത്സമയ ഫീഡ് ഏകദേശം 10 മിനിറ്റോളം തടസ്സപ്പെടുകയും ചെയ്തു. കര്‍ഷകരുമായുള്ള ആശയവിനിമയത്തിനിടെ ഓഡിയോ പ്രശ്നങ്ങളും ഉണ്ടായി.

പിന്നാലെയാണ് അര്‍ച്ചന സിങ്ങിന് എതിരെ വകുപ്പ് തല നടപടി ഉണ്ടായത്. സെക്രട്ടറി ചുമതലയില്‍ നിന്നും നീക്കപ്പെട്ട അര്‍ച്ചന സിങിന് നിലവില്‍ പുതിയ നിയമനം നല്‍കിയിട്ടില്ല. വെയ്റ്റിംഗ് പോസ്റ്റിംഗ് ഓര്‍ഡറുകള്‍ (എപിഒ) എന്നനിലിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥയുള്ളത്.

ഭരണപരമായ കാരണങ്ങള്‍’ എന്നതാണ് ചുമതലയില്‍ നിന്നും നീക്കിക്കൊണ്ടുള്ള പേഴ്സണല്‍ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പരാമര്‍ശിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി സ്വീകരിച്ചതില്‍ സംസ്ഥാത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും അതൃപ്തി ശക്തമാണ്. 2004 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അര്‍ച്ചന സിങ് രാജസ്ഥാനിലെ നിരവധി പ്രധാന വകുപ്പുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button