നാസയുടെ അടുത്ത ദൗത്യത്തിൽ നിങ്ങൾക്കും പങ്കുചേരാം.. നിങ്ങളുടെ പേരുകളും ചന്ദ്രനിലേക്ക് അയക്കാം.. ഇതിനായി ചെയ്യേണ്ടത്…

നാസയുടെ അടുത്ത ബഹിരാകാശ ദൗത്യത്തിൽ നിങ്ങൾക്കും പങ്കുചേരാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? സംഭവം എന്താണെന്നല്ലേ? 2026 ഏപ്രിലിൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ആർട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായി നിങ്ങളുടെ പേരുകളും ചന്ദ്രനിലേക്ക് അയക്കാം. ലോകമെമ്പാടുമുള്ള ആളുകളെ ചന്ദ്രനിലേക്ക് പേരുകൾ അയയ്ക്കാൻ ക്ഷണിച്ചിരിക്കുകയാണ് നാസ. അതായത് സാധാരണ പൗരന്മാർക്ക് പേരിലൂടെയെങ്കിലും നാസയുടെ വരാനിരിക്കുന്ന ദൗത്യത്തിൽ പങ്കുചേരാനുള്ള ഒരു അവസരമാണ് ഒരുക്കുന്നത്.

മനുഷ്യരെ ആദ്യം ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും അയക്കാൻ ലക്ഷ്യമിട്ടുള്ള ആർട്ടെമിസ് പരിപാടിയുടെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പറക്കലിൽ ആയിരിക്കും ഈ ചരിത്ര ദൗത്യം.ഈ ദൗത്യത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രക്രിയ ലളിതവും സൗജന്യവുമാണ്. നാസയുടെ ഔദ്യോഗിക ‘സെൻ്റ് യുവർ നെയിം’ (Send Your Name) പോർട്ടല്‍ സന്ദര്‍ശിക്കുക. നിങ്ങളുടെ ആദ്യപേരും അവസാന പേരും 4 മുതൽ 7 അക്കങ്ങൾ വരെയുള്ള ഒരു പിൻ കോഡും നൽകുക. അതിനുശേഷം നിങ്ങൾ സ്വന്തമാക്കിയ ബോർഡിംഗ് പാസ് ഡൗൺലോഡ് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ പേര് പേടകത്തിലെ ഒരു മെമ്മറി കാർഡിൽ ഡിജിറ്റലായി സംഭരിക്കും. പങ്കെടുക്കുന്നവർ തീർച്ചയായും അവരുടെ പിൻ കോഡ് സൂക്ഷിച്ചു വെക്കാൻ ശ്രദ്ധിക്കണം. നഷ്ടപ്പെട്ട പിൻ നാസയ്ക്ക് വീണ്ടെടുക്കാൻ കഴിയില്ല. നിങ്ങളുടെ ബോർഡിംഗ് പാസ് പിന്നീട് വീണ്ടെടുക്കുന്നതിന് ആ പിൻ ആവശ്യമാണ്.

ആർട്ടെമിസ് II പേടകത്തിൽ നാല് ബഹിരാകാശ സഞ്ചാരികൾ ഉണ്ടാകും. മൂന്ന് പേർ നാസയിൽ നിന്നും ഒരാൾ കനേഡിയൻ സ്പേസ് ഏജൻസിയിൽ നിന്നും. ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ഏകദേശം 10 ദിവസത്തെ യാത്രയായിരിക്കും ഇത്. എന്തായാലും ഭൂമിയിൽ നിന്നുകൊണ്ടുതന്നെ ബഹിരാകാശ പര്യവേഷണത്തിൽ പ്രതീകാത്മകമായി പങ്കുചേരാനുള്ള ഒരു അവസരമാണ് നാസ സാധാരണക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button