വിദ്യാർത്ഥികൾക്ക് ലഹരി വിൽപന… ആലപ്പുഴയിൽ പെട്ടിക്കടയുടമ പിടിയിൽ

ആലപ്പുഴ: വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിവന്ന കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇരവുകാട് വാർഡ് സ്വദേശി ഷിജു (49) ആണ് പിടിയിലായത്. ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

കഴിഞ്ഞ 26-ന് വീട്ടിലെ ശുചിമുറിയിൽ നിരോധിത പുകയില ഉൽപ്പന്നത്തിന്റെ കവർ കണ്ടതോടെയാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയത്. സ്കൂൾ വിദ്യാർത്ഥിയായ മകനോട് കാര്യങ്ങൾ ചോദിച്ചപ്പോൾ, കൂടെ പഠിക്കുന്ന കൂട്ടുകാരന്റെ പിതാവായ ഷിജുവാണ് ഇത് നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തി. യുവതി ആലപ്പുഴ സൗത്ത് പോലീസ് ഐഎസ്എച്ച്ഒ വിനീഷ് വി. എസിന് പരാതി നൽകി. തുടർന്ന് പ്രിൻസിപ്പൽ എസ്ഐ നവീൻ ജോർജ് ഡേവിഡിന്റെ നേതൃത്വത്തിൽ തിരുവമ്പാടി കള്ളുഷാപ്പിന് സമീപമുള്ള ഷിജുവിന്റെ പെട്ടിക്കടയിൽ മിന്നൽ പരിശോധന നടത്തി.

രഹസ്യമായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടയിൽ നിന്ന് പിടികൂടി. മുൻപും സമാനമായ കേസിൽ പിടിയിലായിട്ടുള്ള ഷിജു, ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വിൽപന തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സി.പി.ഒമാരായ അരുൺ ജി, ഡാരിൽ നെൽസൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സ്കൂൾ പരിസരങ്ങളിലെ കടകളിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button