വാഹന പരിശോധനയിൽ യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്…
പത്തനംതിട്ട: അടൂരിൽ എക്സൈസിന്‍റെ കഞ്ചാവ് വേട്ട. 3.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തനാപുരം സ്വദേശികളായ സനൂപ് (28 വയസ്), അബു (43 വയസ്) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.
വാഹന പരിശോധനക്കിടെ പരുങ്ങിയ യുവാക്കളെ കണ്ട് സംശയം തോന്നി ഇവർ വന്ന കാർ പരിശോധിച്ചപ്പോഴാണ് ഒളപ്പിച്ചുവെച്ച കഞ്ചാവ് പിടികൂടിയത്. അടൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ ശശിധരൻ പിള്ള, ഹരീഷ് കുമാർ, ഹരി കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സുരേഷ് ഡേവിഡ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ, ജോബിൻ എന്നിവരും പങ്കെടുത്തു.




