പതിനൊന്ന് അടി താഴ്ച…രണ്ടര മീറ്റര്‍ വീതിയിലുള്ള സ്റ്റേജില്‍ രണ്ട് നിര കസേരകള്‍….അപകടസ്ഥലത്ത് പരിശോധന…..

ഉയരത്തില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റതില്‍ സംഭവം നടന്ന കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫയര്‍ ഫോഴ്‌സിന്റെ സുരക്ഷാ പരിശോധന. വേദിയില്‍ നിന്നും താഴേക്ക് 11 അടി നീളം ഉള്ളതായും വേദിയ്ക്ക് രണ്ടര മീറ്റര്‍ വീതി മാത്രമാണ് ഉണ്ടായിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. രണ്ടര മീറ്റര്‍ വീതിയില്‍ സ്റ്റേജ് കെട്ടി രണ്ട് നിരകളിലായാണ് കസേരകള്‍ ക്രമീകരിച്ചിരുന്നത്. നടക്കാന്‍ പോലും വീതിയില്ലായിരുന്നുവെന്നും ആരോപണമുണ്ട്.

അതേസമയം ഉമാ തോമസ് എംഎല്‍എയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു. തലയുടെ പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാല്‍ ജോണി അറിയിച്ചു.

ആശുപത്രിയിലെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന ഉമാ തോമസിന്റെ ജിഡിഎസ് സ്‌കോര്‍ 8 ആയിരുന്നു.

അടിയന്തിരമായി രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും എക്സ്റേ, സി ടി സ്‌കാന്‍ എന്നിവയടക്കമുള്ള വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. സി ടി സ്‌കാനില്‍ തലക്ക് ഗ്രേഡ് 2 ഡിഫ്യൂസ് ആക്സോണല്‍ ഇന്‍ജുറി ഉള്ളതായി കണ്ടെത്തി. കൂടാതെ സെര്‍വിക്കല്‍ സ്പൈനിലും പരിക്കുകള്‍ കണ്ടെത്തി. വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

Back to top button