സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചു…
പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസിടിച്ച സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചു. ചെർപ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോല വീട്ടിൽ പ്രസാദാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പ്രസാദ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സഹോദരൻ രവി (45) ഇന്നലെ മരിച്ചിരുന്നു.
ബലികർമത്തിനായി പോകുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിലിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച രാവിലെ 5.50 ന് പാലക്കാട്- ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ കുളക്കാടായിരുന്നു അപകടം. അപകടത്തിനിടയാക്കിയ മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻ്റ് സേവിയർ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.