മത്സ്യബന്ധന ബോട്ടും നാവിക സേനയുടെ മുങ്ങിക്കപ്പലും കൂട്ടിയിടിച്ച് അപകടം…. രണ്ട് മത്സ്യ തൊഴിലാളികളെ…

മത്സ്യബന്ധന ബോട്ടും മുങ്ങിക്കപ്പലും കൂട്ടിയിടിച്ച് അപകടം. രണ്ട് പേരെ കാണാതായി. 11 പേരെ നാവിക സേന രക്ഷപെടുത്തി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കിഴക്കൻ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 13 പേരുണ്ടായിരുന്ന മാർത്തോമ എന്ന മത്സ്യബന്ധന ബോട്ടും ഇന്ത്യൻ നാവിക സേനയുടെ സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിന് പിന്നാലെ നാവിക സേന രക്ഷാപ്രവ‍ത്തനം തുടങ്ങി. ആറ് കപ്പലുകളും നാവിക സേനയുടെ നിരീക്ഷണ വിമാനങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്തി രക്ഷിക്കാനായി. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിന്റെ മേൽനോട്ടത്തിൽ കോസ്റ്റ് ഗാർഡിന്റേത് ഉൾപ്പെടെയുള്ള കൂടുതൽ കപ്പലുകളും ബോട്ടുകളും സ്ഥലത്തേക്ക് എത്തിച്ച് തെരച്ചിൽ തുടരുകയാണ്.

അപകടം സംഭവിച്ചത് എങ്ങനെയെന്ന കാര്യത്തിൽ ഉന്നത തല അന്വേഷണം തുടരുകയാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പ്രതിരോധ മന്ത്രാലയം പറയുന്നു. വിശദ വിവരങ്ങൾ നാവിക സേന പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button