വനംവകുപ്പിനെ വട്ടംകറക്കി പുലി..തെരച്ചിൽ ശക്തമാക്കി വനംവകുപ്പ്…

ചീരാലിന്‍റെ വിവിധ പ്രദേശങ്ങളിലും തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളായ നമ്പ്യാര്‍കുന്നിലും നിരന്തരമായി എത്തുന്ന പുലിയെ തിരഞ്ഞ് കേരള-തമിഴ്നാട് വനംവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍. തമിഴ്നാട്ടിലെ നരിക്കൊല്ലി പ്രദേശത്ത് കണ്ടെത്തിയ പുലിക്കായാണ് തെരച്ചിൽ നടത്തിയത്. ഇതേ പുലി തന്നെയാമ് നമ്പ്യാര്‍കുന്നിലടക്കം എത്തുന്നതെന്ന നിഗമനത്തിലായിരുന്നു തെരച്ചിൽ

ഓരോ ദിവസവും പ്രദേശങ്ങള്‍ മാറിമാറിയാണ് പുലിയിറങ്ങുന്നത്. അവശനായിട്ടും കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന പുള്ളിപ്പുലി ശരിക്കും വനംവകുപ്പ് ഉദ്യോഗസ്ഥരെ വലക്കുകയാണ്. ഒരു പുലി തന്നെയാണ് ചീരാലിലും കിലോമീറ്ററുകള്‍ അപ്പുറത്തുള്ള നമ്പ്യാര്‍ക്കുന്നിലും ഇറങ്ങുന്നത് എന്നാണ് ഏറെക്കുറെ വനംവകുപ്പിന്‍റെ നിഗമനം. കഴിഞ്ഞ ദിവസം ഇവിടെ ഒരു വീടിന്‍റെ കാര്‍പോര്‍ച്ചിലും പാതയോരത്തുമായി കണ്ടെത്തിയ പുലിക്കായാണ് ശനിയാഴ്ച തെരച്ചില്‍ നടത്തിയത്. തീര്‍ത്തും അവശനിലയിലായ പുലി ഇരുട്ട് വീഴുന്നതോടെ വളര്‍ത്തുമൃഗങ്ങളെ തേടിയെത്തുകയാണ്

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നരിക്കൊല്ലി പുല്ലുംപുര ഷാജിയുടെ വീടിന്‍റെ കാര്‍പോര്‍ച്ചിലായിരുന്നു പുലി. വീട്ടുകാര്‍ പുറത്തുപോയിവന്ന് വാഹനംനിര്‍ത്തി വീടിന് അകത്ത് കയറി പോയിരുന്നു. പിന്നീട് മകന്‍ വാഹനത്തില്‍ വെച്ചിരുന്ന വീട്ടുസാധനങ്ങള്‍ എടുക്കാന്‍ പോയപ്പോഴാണ് കാറിന് ചുവട്ടില്‍ പുലി കിടക്കുന്നതായി കണ്ടത്. കുട്ടിയെ കണ്ടതോടെ മുരള്‍ച്ചയുണ്ടാക്കുകയായിരുന്നു. പേടിച്ച് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുമ്പോഴും പുലി അവിടെ തന്നെ ഉണ്ടായിരുന്നു

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പ്രദേശത്ത് നാലുതവണ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. തമിഴ്നാട് അതിര്‍ത്തിയില്‍ നരിക്കൊല്ലി ജങ്ഷന് സമീപംനില്‍ക്കുന്ന പുലിയുടെ ദൃശ്യം കഴിഞ്ഞദിവസം കാര്‍ യാത്രക്കാര്‍ പകര്‍ത്തിയിരുന്നു. ഉച്ചയോടെ അയ്യംകൊല്ലിയിലേക്ക് പോകുന്ന വഴിയിലെ വാളാട് വിഷ്ണുക്ഷേത്രത്തിന് സമീപത്തുനിന്നും പുലിയെ കണ്ടിരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ നരിക്കൊല്ലിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ പൂളക്കുണ്ടില്‍ ആലഞ്ചേരി ഉമ്മറിന്‍റെ പശുക്കുട്ടിയെ പുലി ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു

Related Articles

Back to top button