മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി.. ആലപ്പുഴയിൽ യുവതിക്ക് സ്ഥിരീകരിച്ചത്…രണ്ടാഴ്ചയായി ഐസിയുവിൽ…
മൂന്നാർ യാത്രയ്ക്കുശേഷം തിരികെവന്ന യുവതിക്ക് കടുത്തപനി .പരിശോധനയിൽ ചെള്ളുപനി സ്ഥിരീകരിച്ചു.രണ്ടാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 22 വയസ്സുകാരിക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.കുടുംബത്തിനൊപ്പം മൂന്നാറിൽ യാത്ര പോയി തിരിച്ചെത്തിയ യുവതിക്കു കടുത്ത പനി ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി ഐസിയുവിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അധികൃതർ അറിയിച്ചു.
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി. ചെറുജീവികളായ ചെള്ളു (മൈറ്റ്) കളുടെ ലാർവദശയായ ചിഗ്ഗർമൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർമൈറ്റുകൾ കടിച്ചഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യും. നീണ്ടുനിൽക്കുന്ന പനി, തലവേദന കണ്ണുചുവക്കൽ, കഴല വീക്കം, പേശിവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.