സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് അപകടം; 27 വയസുകാരൻ മരിച്ചു

കോട്ടയം പൊൻകുന്നത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ സ്വദേശി അനൂപ് രവി ആണ് മരിച്ചത്. 27 വയസായിരുന്നു. യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇളങ്ങുളം എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം മിഥിലാപുരിയിലായിരുന്നു സംഭവം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് യുവാവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

മറ്റൊരു സംഭവത്തിൽ കോട്ടയം എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. 49 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരിൽ 18 പേരുടെ നില ഗുരുതരമാണ്. എം.സി. റോഡിലെ ചീങ്കല്ല പള്ളിക്ക് എതിർവശത്ത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് പോയി മടങ്ങുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, മറ്റുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Related Articles

Back to top button