കേരളത്തിൽ ഈ ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി

തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ 6 ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്.

തമിഴ്നാട്ടിൽ പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി പത്ത് മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. 15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ ആവശ്യം ഉയർന്നതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നായിരിക്കും പൊങ്കൽ അവധി കഴിഞ്ഞ് ഇവിടങ്ങളിൽ സ്കൂളുകൾ തുറക്കുന്നത്.

ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തീയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. ഇത് തമിഴരുടെ ഏറ്റവും പ്രസിദ്ധപ്പെട്ട പർവമാണ്.

ആഘോഷങ്ങളുടെ ആദ്യ ദിവസം അതായത് മാർഗ്ഗഴിയുടെ അവസാന ദിവസം ബോഗി എന്നറിയപ്പെടുന്നു. വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദി പറയുകയാണ് ഈ ദിവസം ചെയ്യുന്നത്. അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പഴയ സാധനങ്ങൾ തീയിലിട്ടു കത്തിക്കുന്നു. ചാണകവും തടിയുമാണ് തീ കത്തിക്കാൻ ഉപയോഗിക്കുക.

Related Articles

Back to top button