മലപ്പുറത്ത് സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ച് അപകടം

മലപ്പുറത്ത് സ്‌കൂള്‍ ബസും പിക്കപ്പും കുട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. ദേശീയപാതയില്‍ ഓണിയില്‍ പാലത്തിന് സമീപം മുന്നിൽ പോകുകയായിരുന്ന പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് പിറകെ വന്ന വണ്ടികൾ അപകടത്തിൽ പെട്ടത്. സ്‌കൂള്‍ ബസിൽ ഉണ്ടായിരുന്ന കുട്ടികൾ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. പിക്കപ്പ് ലോറിയില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തൊഴിലാളികളായ അബ്റുള്‍ ഇസ്ലാം, സഹദ്, സെയ്ഫു ഉസ്മാന്‍, ബഹര്‍, നുസ്സറുല്‍ ഇസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഞ്ഞിപ്പുരയില്‍ താമസക്കാരാണിവര്‍. മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വളാഞ്ചേരിയില്‍നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ലോറിയുടെ പുറകുവശത്ത് സിമന്റ് മിക്സിങ് യന്ത്രവും ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡിലേക്ക് മറിഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോവുകയായിരുന്ന ബസില്‍ വളരെ കുറച്ച് കുട്ടികള്‍ മാത്രമുണ്ടായിരുന്നുള്ളു. ലോറിയില്‍ നിരവധി തൊഴിലാളികളും പണിയുപകരണങ്ങളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ വളാഞ്ചേരി-കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



