സ്കൂൾ ബസ് അപകടം….അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ മൃതദേഹം സംസ്കരിച്ചു…
സ്കൂളിലെ പുതുവത്സരാഘോഷം കഴിഞ്ഞ് അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്കും ചോദിച്ച് വാങ്ങിയാണ് നേദ്യ വീട്ടിലേക്ക് മടങ്ങിയത്. കലാമത്സരങ്ങളിൽ നേടിയ സമ്മാനങ്ങളുമുണ്ടായിരുന്നു അവളുടെ ബാഗിൽ. നിനച്ചിരിക്കാതെ എത്തിയ മരണം കൊണ്ടുപോയ പ്രിയപ്പെട്ട നേദ്യയെ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് അവളുടെ അധ്യാപകരും കൂട്ടുകാരും. കുറുമാത്തൂര്‍ ചിന്മയ സ്കൂളിൽ പൊതുദർശനത്തിനെത്തിച്ച നേദ്യയുടെ മൃതദേഹത്തിന് മുന്നിൽ അവരൊന്നടങ്കം വിങ്ങിപ്പൊട്ടി. കണ്ണൂർ വളക്കൈയിൽ ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിലാണ് നേദ്യയെന്ന പതിനൊന്നുകാരിക്ക് ജീവൻ നഷ്ടപ്പെട്ടത്.
അവസാനമായി അവൾ ആഘോഷിച്ച സന്തോഷിച്ച മുറിയിൽ തന്നെയാണ് ചേതനയറ്റ നേദ്യയുടെ മൃതദേഹം എത്തിച്ചത്. ഇന്നലെ ഇവിടെ ഹാപ്പിയായിട്ട് നടന്ന പിള്ളേരാ, ഒരിക്കലുമില്ലാത്തൊരു സന്തോഷമായിരുന്നു ഇന്നലെ ഇവിടെ. നേദ്യക്ക് ഒരുപാട് സമ്മാനം കിട്ടിയിരുന്നു. ബാക്കി കൊടുക്കാൻ സമയമില്ലാത്തത് കൊണ്ട് ബാക്കി ഇവിടെ വെച്ചിട്ടുണ്ട്. അനിയത്തിക്ക് വേണ്ടി ഒരു കഷ്ണം കേക്കും വാങ്ങിയാണ് അവൾ പോയത്. ഇതുപോലെ സംഭവിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല. ഇതിന് വേണ്ടിയാണോ ഞങ്ങളിന്നലെ ന്യൂ ഇയർ ആഘോഷിച്ചത്. മിടുക്കിയായിരുന്നു, നന്നായിട്ട് പഠിക്കുമായിരുന്നു. നേദ്യയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ് രക്ഷിതാക്കളും അധ്യാപകരും. പൊതുദർശനത്തിന് ശേഷം നേദ്യയുടെ സംസ്കാരം നടന്നു