സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു

സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ്  നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. ഭാര്യ സരിതയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി. തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. 2023ലാണ്  ആപ്പിന്‍റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിക് പോലീസിന്‍റെ പിടിയിലായി. പിന്നാലെ ഇഡിയും കേസെടുത്തു.

സിനിമാതാരങ്ങളുമായി അടുത്ത പരിചയമുള്ള സ്വാതിക് ജയസൂര്യയെയാണ് സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടിയോളം രൂപയും ജയസൂര്യക്ക് വാഗ്ദാനം ചെയ്തു. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്‍റെ പ്രചാരണത്തിനായി സോഷ്യൽമീഡിയലടക്കം പ്രവര്‍ത്തിച്ചു. ഇതിലാണ് ഇഡി ജയസൂര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സ്വാതികിനും,  ജയസൂര്യക്കുമിടയില്‍ നടന്ന പണമിടപാടുകളടക്കം പരിശോധിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. 

ഡിസംബര്‍ 24നും ജയസൂര്യ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ഇന്ന് ജയസൂര്യയുടെ ഭാര്യ സരിതയും മൊഴി നല്‍കാനെത്തി. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തത് സരിതയായിരുന്നു. സ്വാതിക്കിനെ ഇഡി നേരത്തെ ചോദ്യം ചെയ്തതായാണ് വിവരം തെളിവുകള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ജയസൂര്യയെ വീണ്ടും വിളിപ്പിക്കും

Related Articles

Back to top button