സതീശന്റെ വീഡിയോ പോയത് ‘അബദ്ധത്തിൽ’… പോലീസിനെ പഴിചാരേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖ വീഡിയോയുടെ ഭാഗം പൊലീസ് നിർദേശ പ്രകാരം മെറ്റ നീക്കം ചെയ്തെന്ന ആരോപണത്തിൽ വിശദീകരണവുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. വീഡിയോയ്ക്ക് താഴെ വന്ന കമന്റ് നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ വീഡിയോ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെറ്റയ്ക്ക് പറ്റിയ തെറ്റ് എന്നാണ് പൊലീസ് അറിയിച്ചത്. സൈബര്‍ പൊലീസ് മെറ്റയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണും. മെറ്റയോട് വീഡിയോ റീസ്റ്റോര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ കൃത്യമായി ഇടപെടാനുള്ള അധികാരം പൊലീസിനുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ ബിജെപി സീല്‍ വിവാദത്തിലും തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ലഭിച്ചതായി രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്നും രത്തന്‍ ഖേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തു എന്നായിരുന്നു ആരോപണം. സതീശനുമായി മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്റെ റീല്‍ ബുധനാഴ്ച ഉച്ചയോടെ നീക്കം ചെയ്തുവെന്നായിരുന്നു വിമര്‍ശനം. സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനോരമ പരാതി നല്‍കിയിരുന്നു. സംഭവം ഒരു വിഭാഗം ഏറ്റെടുക്കുകയും വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് രത്തന്‍ ഖേല്‍ക്കറുടെ പ്രതികരണം.



