അൻവറി​ന്റെ കാര്യത്തിൽ സതീശന് തെറ്റുപറ്റി.. കോൺ​ഗ്രസിൽ പുതിയ വിവാദം… പ്രതിപക്ഷനേതാവിനെ തള്ളി മുതിര്‍ന്ന നേതാക്കള്‍…

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച ജയം സ്വന്തമാക്കിയിട്ടും, പിവി അന്‍വര്‍ പിടിച്ച വോട്ടുകളെച്ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിനു വഴി തുറക്കുന്നു. ഇരുപതിനായിരത്തോളം വോട്ടുകള്‍ പിടിച്ച അന്‍വറിനെ കൂടെനിര്‍ത്തേണ്ടതായിരുന്നുവെന്ന വിലയിരുത്തലിലാണ് നല്ലൊരു വിഭാഗം നേതാക്കളും. ഇവരുടെ ഈ വിലയിരുത്തലിന്‍റെ വിമര്‍ശന മുന നീളുന്നതാവട്ടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനിലേക്കും.അന്‍വര്‍ വിഷയത്തില്‍ സതീശന്റെ നീക്കങ്ങള്‍ പൊളിഞ്ഞെന്നും, തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നുമാണ് ലീഗ് നേതാക്കൾ അടക്കമുള്ളവരുടെ നിലപാട്.

പ്രതിപക്ഷനേതാവ് വിഡി.സതീശന്റെ ഏകപക്ഷീയ നിലപാടുകള്‍ നിലമ്പൂരില്‍ യുഡിഎഫിന്റെ വിജയ തിളക്കം കുറച്ചെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്.തെരഞ്ഞെടുപ്പ് രംഗത്ത് മുതിര്‍ന്ന നേതാക്കളെ കേട്ടില്ല. പ്രകോപനപരമായ പ്രസ്താവനകള്‍ തുടരെ നടത്തി യുഡിഎഫിനെ വെട്ടിലാക്കി. ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിലെ പ്രതികരണം അതിരുകടന്നു. തുടങ്ങിയ കാര്യങ്ങളില്‍ ലീഗ് നേതൃത്വത്തിന് സതീശനെതിരെ രോഷമുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശുമെന്നും അതിൽ വൻ വിജയം കരസ്ഥമാക്കുമെന്നും യു ഡി എഫ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ഒന്നാണ്. സിറ്റിങ് എം എൽ എ ആയിരുന്ന പി വി അൻവർ ഭരണകക്ഷിയുമായി തെറ്റി 2025 ജനുവരിയിൽ രാജിവെച്ചു. അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരുവർഷം തികച്ച് ഇല്ലാതിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

പി വി അൻവർ, യു ഡിഎഫിനൊപ്പം ഉറച്ചു നിന്ന് സർക്കാരിനെതിരെ പോരാടുകയായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം വരെ. എന്നാൽ, അതിനു ശേഷം കാര്യങ്ങൾ പൊടുന്നനെ മാറിമറിഞ്ഞു. പി വി അൻവറിനെ യു ഡി എഫിൽ അസോസിയേറ്റ് അം​ഗമാക്കാമെന്നുള്ള ഉറപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം അൻവറി​ന്റെ സ്ഥാനാർത്ഥിത്വത്തില്‍ എത്തി. അൻവറിനെ ഒഴിവാക്കരുതെന്നും അത് കോൺ​ഗ്രസിന് ലഭിക്കാവുന്ന ജയത്തി​ന്റെ തിളക്കം കുറയ്ക്കുമെന്നും ഒരു വിഭാഗം കോൺ​ഗ്രസ്, ലീ​ഗ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഭരണകക്ഷി എം എൽ എ ആയിരിക്കെ മുതൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള അൻവറിനെ കൂടെ കൂട്ടാൻ സതീശന് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. ഭരണവിരുദ്ധ വികാരം കത്തി നിൽക്കുന്നത് കൊണ്ട് ആരെ നിർത്തിയാലും ജയിക്കുമെന്ന വിശ്വാസം യു ഡി എഫിനുണ്ടായിരുന്നു താനും. മാത്രമല്ല, അൻവർ സ്വതന്ത്രനായി നിന്ന് വോട്ട് പിടിച്ചാൽ അത് ബാധിക്കുക ഇടതുപക്ഷ സ്ഥാനാർത്ഥിയെയായിരിക്കും എന്നും അവർ കണക്കുകൂട്ടി.അൻവർ പിടിക്കുന്ന ഇടതുപക്ഷ വോട്ടുകൾ ആര്യാടൻ ഷൗക്കത്തി​ന്റെ ഭൂരിപക്ഷം കൂട്ടുമെന്നായിരുന്നു സതീശ​ന്റെയും കൂട്ടരുടെയും കണക്ക്. എന്നാൽ, അൻവർ പിടിച്ച വോട്ട് ആര്യാടൻ ഷൗക്കത്തി​ന്റെ ഭൂരിപക്ഷം കുറയ്ക്കുകയായിരുന്നുവെന്ന് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. 25,000 മുതൽ 30,000 വോട്ട് വരെ ഭൂരിപക്ഷമാണ് ആര്യാടൻ ഷൗക്കത്തിന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലഭിച്ചത് 12,000 വോട്ടിന് താഴെ ഭൂരിപക്ഷം മാത്രമാണ്.

അതേസമയം അന്‍വറിനെ കൂടെ കൂട്ടണമെന്ന നിലപാട് ഉടന്‍ ലീഗ് യുഡിഎഫ് യോഗത്തില്‍ മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം. ഇതിന്റെ സൂചനകള്‍ ലീഗ് നേതാക്കളുടെ പ്രതികരണത്തില്‍ തന്നെയുണ്ട്.ഫലത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ ലീഗും കോണഗ്രസിലെ മുതിര്‍ന്ന നേതാക്കളും ഒരു ഭാഗത്തും സതീശന്‍ മറുഭാഗത്തുമാണ്. ഇനിയും സതീശന്‍ ഏഷപക്ഷീയ നിലപാടുമായി മുന്നോട്ടുപോയാല്‍ തടയിടാന്‍ തന്നെയാണ് മറുവിഭാഗത്തിന്റെ ധാരണ.

Related Articles

Back to top button