വലിയ മത്തി കിട്ടാനില്ല, ഡിമാൻഡ് കൂടി; അയക്കൂറയ്ക്കും ആവോലിയ്ക്കും മത്തിയെക്കാൾ വിലക്കുറവ്!

പൊന്നാനി: വലിയ മത്തി കിട്ടാനില്ല. അപൂർവമായി മാത്രമാണ് ബോട്ടുകാർക്ക് മത്തി ലഭിക്കുന്നത്. എന്നാൽ, പിടിക്കാൻ നിരോധനമേർപ്പെടുത്തിയ കുഞ്ഞൻ മത്തി യഥേഷ്ടം ലഭിക്കുന്നുമുണ്ട്. വല്ലപ്പോഴും കിട്ടുമെന്നതിനാൽ വലിയ മത്തിയുടെ വിലയും കുതിച്ചുയർന്നു. 260 രൂപയോളമാണ് മത്തിയുടെ വിപണി വില. അതേസമയം, അയക്കൂറയും ആവോലിയും ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ മത്തിയേക്കാൾ വില കുറവാണ്.

10 സെന്റിമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് കുഞ്ഞൻമത്തി പിടികൂടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അധികൃതർ പറയുന്നത്. വലയിൽ വേണ്ടത്ര ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാൽ അധികൃതർ പിടികൂടുമെന്നതിനാൽ ഇവയെ കടലിൽത്തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കുഞ്ഞൻമത്തികളെ വിൽപ്പനയ്ക്കായി വിപണിയിലെത്തിക്കുന്നത്.

ആവശ്യം പോലെ ലഭിക്കുന്നതിനാൽ തുച്ഛമായ വിലയ്ക്കാണ് വിപണിയിൽ കുഞ്ഞൻ മത്തി വിറ്റഴിക്കുന്നത്. കഴിഞ്ഞദിവസം കിലോയ്ക്ക് 25 രൂപയായിരുന്നു വില. 200 മുതൽ 280 രൂപവരെയാണ് അയക്കൂറയുടെയും ആവോലിയുടെയും ചില്ലറ വില്പനവില.

Related Articles

Back to top button