‘തുടരാൻ താത്പര്യമില്ല’.. സഞ്ജുവും രാജസ്ഥാനും വേർപിരിയുന്നു…
മലയാളി താരം സഞ്ജു സാംസണും ഐപിഎൽ ടീം രാജസ്ഥാൻ റോയൽസും തമ്മിൽ വേർപിരിയുന്നു. അടുത്ത സീസണിൽ സഞ്ജു രാജസ്ഥാൻ റോയൽസിൽ കളിക്കില്ല. ടീം വിടാനുള്ള താത്പര്യം സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മലയാളി താരവും ടീമും തമ്മിലുള്ള ബന്ധം സുഖകരമല്ല എന്നും റിപ്പോർട്ടുകളുണ്ട്. താരം ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകളിൽ ഒന്നിലേക്കു പോകുമെന്ന ചർച്ചകളും ഇതോടെ സജീവമാണ്.
തന്നെ വിൽക്കുകയോ അല്ലെങ്കിൽ റിലീസ് ചെയ്യുകയോ വേണമെന്ന ആവശ്യമാണ് താരം ടീമിനെ അറിയിച്ചിരിക്കുന്നത്. റലീസ് ചെയ്താൽ സഞ്ജു മിനി ലേലത്തിൽ എത്തും.രാജസ്ഥാനായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ് സഞ്ജു. 149 മത്സരങ്ങൾ ടീമിനായി കളിച്ചു. 4027 റൺസ് ടീമിനായി നേടി.
കഴിഞ്ഞ സീസണിൽ ടീമിൽ വരുത്തിയ മാറ്റങ്ങളിൽ താരം അസംതൃപ്തനായിരുന്നു എന്നാണ് വിവരം. മാത്രമല്ല പരിക്കിനെ തുടർന്നു പല മത്സരങ്ങളിലും താരത്തിനു പുറത്തിരിക്കേണ്ടി വന്നു. ചില മത്സരങ്ങളിൽ താരം ഇംപാക്ട് പ്ലയറായും കളിച്ചു. റിയാൻ പരാഗായിരുന്നു ടീമിനെ പല മത്സരങ്ങളിലും നയിച്ചത്. 9 മത്സരങ്ങളാണ് താരം കഴിഞ്ഞ സീസണിൽ ആകെ കളിച്ചത്. 285 റൺസ് നേടി. ടീമിനു പക്ഷേ പ്ലേ ഓഫിലെത്താൻ സാധിച്ചിരുന്നില്ല.