മേയർ വാക്ക് പാലിച്ചില്ല..തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ…

തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍.അറിയിപ്പില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ‌ പ്രതിഷേധിച്ചാണ് ആത്മഹത്യാഭീഷണി. സിപിഎം കൊടികളേന്തിമരത്തിനു മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാഭീഷണി മുഴക്കുന്നത്. തൊഴിൽ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം മേയർ ആര്യ രാജേന്ദ്രൻ കണ്ടില്ലെന്ന് നടിക്കുന്നതായി തൊഴിലാളികൾ ആരോപിച്ചു.

വിളപ്പില്‍ശാല പ്ലാന്റ് പൂട്ടിയപ്പോള്‍ മാലിന്യ സംസ്‌കരണത്തിനായി സന്നദ്ധ സേവകരുടെ അടക്കം സഹായം കോര്‍പ്പറേഷന്‍ തേടിയിരുന്നു. അത്തരത്തില്‍ 320 ഓളം ആളുകൾ സ്വയം സന്നദ്ധ പ്രവർത്തകരായി ജൈവ മാലിന്യശേഖരണം നടത്തിവരികയായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും കൂടാതെ ഇവരെ പിരിച്ചുവിട്ടു എന്നാണ് തൊഴിലാളികളുടെ ആരോപണം. തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 ദിവസമായി കോര്‍പറേഷന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിവരികയായിരുന്നു. എന്നാല്‍ കോര്‍പറേഷനില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.

Related Articles

Back to top button