‘ആനയെയും മോഹൻലാലിനെയും കെ. മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല’…
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശ്രീകൃഷ്ണപുരത്തെ പരിപാടിയില്‍ ആണ് ഇരുവരും വേദി പങ്കിട്ടത്. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു സന്ദീപിന്റെ പ്രസംഗം. ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല എന്നും ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം എന്നും സന്ദീപ് പറഞ്ഞു.
ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്. മുരളീധരന്‍ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്‍റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്. താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകും. മാരാർജി ഭവനിൽ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേയ്ക്ക് വന്നില്ലായിരുന്നെങ്കിലും പാലക്കാട് തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹത്തിന്റെ വരവിനെ എതിര്‍ത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടെന്നും കെ. മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. താന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനൊന്നും അല്ലെന്നും ഒരു എളിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും താന്‍ സ്വാഗതം ചെയ്യുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേയ്ക്ക് പോകുന്നത് ജനാധിപത്യത്തില്‍ പതിവുള്ളതാണ്. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. നാളെ ഇനി സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും ഞാന്‍ സ്വാഗതം ചെയ്യും. ബി.ജെ.പിയില്‍ നിന്ന് ചില കൗണ്‍സിലര്‍മാര്‍ വരുന്നുവെന്ന് വാര്‍ത്തയുണ്ട്. അതിനെയും ഞാന്‍ സ്വാഗതം ചെയ്യും.
സന്ദീപ് വാര്യരുടെ കാര്യത്തില്‍ എനിക്ക് രണ്ട് എതിരഭിപ്രായം മാത്രമേ ഉള്ളൂ. ഒന്ന് അദ്ദേഹം ഗാന്ധി വധത്തെ ന്യായീകരിച്ചു. രണ്ട് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചു. വിമര്‍ശനം രണ്ടുതരത്തിലുണ്ട്. രാഷ്ട്രീയപരമായും വ്യക്തിപരമായും വിമര്‍ശിക്കാം. സുരേന്ദ്രനെപ്പറ്റി സന്ദീപ് വാര്യര്‍ കഴിഞ്ഞദിവസം നടത്തിയത് രാഷ്ട്രീയപരമായ വിമര്‍ശനമാണ്. അത് ഞങ്ങളും അംഗീകരിക്കുന്നു. പക്ഷേ രാഹുല്‍ ഗാന്ധിയെപ്പറ്റി അദ്ദേഹം പറഞ്ഞത് അതല്ല. ഈ രണ്ട് കാരണങ്ങള്‍ കൊണ്ട് മാത്രമാണ് സന്ദീപ് വാര്യരുടെ വരവിനെ മാത്രം ഞാന്‍ എതിര്‍ത്തത്. പക്ഷേ പാര്‍ട്ടി ഒരു നിലപാട് സ്വീകരിച്ചു. അദ്ദേഹത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇന്നലെമുതല്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസുകാരനായി. ഇന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടതുമുതല്‍ അദ്ദേഹം യുഡിഎഫുകാരനുമായി. ഇനി അതില്‍ തുടര്‍ചര്‍ച്ചകളില്ല.
20-ാം തീയതി പാലക്കാട് തിരഞ്ഞെടുപ്പാണ്. ഇന്നലെ മുതല്‍ കോണ്‍ഗ്രസുകാരനായി മാറിയ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞങ്ങള്‍ ഒരു എതിരഭിപ്രായവുമില്ല. കോണ്‍ഗ്രസ് മുങ്ങിത്താഴുകയൊന്നുമില്ല. ആരുവന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകും. സന്ദീപ് വാര്യര്‍ വന്നില്ലായിരുന്നെങ്കിലും പാലക്കാട് കോണ്‍ഗ്രസ് ഉറപ്പായും ജയിക്കും. പാലക്കാട് തിരഞ്ഞെടുപ്പിനെക്കുറിച്ച് നന്നായി പഠിച്ചയാളാണ് ഞാന്‍. നൂറ് ശതമാനം വിജയം ഉറപ്പാണ്.
സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞത്. അതിന്റെ ആവശ്യമല്ലേ ഉള്ളൂ. ഞാന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനൊന്നും അല്ലല്ലോ, ഞാന്‍ ഒരു എളിയ പ്രവര്‍ത്തകന്‍ അല്ലേ ? രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് സന്ദീപ് വാര്യരുടെ വരവിനെ എതിര്‍ത്തത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥിതിക്ക് അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അത് അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്’, മുരളീധരന്‍ പറഞ്ഞു.