പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി…
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ അസ്വാരസ്യം. ബിജെപിയുമായി ഇടഞ്ഞ് സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബിജെപിയുമായി ഇടഞ്ഞത്. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞു.
നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ അണികളോടൊപ്പം വേദിയിലായിരുന്നു സന്ദീപ് ഇരുന്നത്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറുമായും സന്ദീപ് വാര്യര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. മൂത്താന്തറയിലെ പ്രശ്‌നപരിഹാരത്തിന് സന്ദീപ് ഇടപെട്ടതും പാര്‍ട്ടിക്കുള്ളിലെ നീരസത്തിന് കാരണമായിട്ടുണ്ട്. അതേസമയം അനുനയ നീക്കത്തോട് മുഖം തിരിച്ചിരിക്കുകയാണ് സന്ദീപ് വാര്യര്‍.